കൊച്ചി: ജനുവരി 1, 2 തീയതികളില്‍ കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കുന്ന പ്രഥമ ഗ്ലോബല്‍ മലയാളി ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തില്‍ ആഗോളതലത്തില്‍ തെരഞ്ഞെടുത്ത 16 മലയാളികളെ ഗ്ലോബല്‍ മലയാളി രത്ന പുരസ്കാരം നല്കി ആദരിക്കും.
എന്‍ജിഒ രജിസ്ട്രേഷനുള്ള ഇന്ത്യന്‍ കമ്പനിയാണ് ഫെസ്റ്റിവല്‍ ഒരുക്കുന്ന മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന്. ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് ഈ ആഘോഷത്തില്‍ പങ്കെടുക്കാവുന്നതാണ്.
പുതുവത്സരാഘോഷത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാവുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഒത്തുചേര്‍ന്ന് പുതുവത്സരത്തെ സ്വാഗതം ചെയ്യും.
ജനുവരി രണ്ടിന് രാവിലെയുള്ള സെഷന് പൂര്‍ണമായും പ്രഥമ ഗ്ലോബല്‍ മലയാളി ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് മീറ്റ് ആണ് നടക്കുന്നത്. വെകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തില്‍, ആഗോള തലത്തില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 16 മലയാളികളെ ആദരിക്കും.
ലൈഫ്ടൈം ബിസിനസ്, മലയാളി സമൂഹത്തിന് നല്കിയ വിവിധ സേവനങ്ങള്‍, ഇക്കണോമി, ഫിനാന്‍സ്, എൻജിനിയറിംഗ്, സയന്‍സ്, സാങ്കേതികവിദ്യ, രാഷ്ട്രീയം, സാമൂഹിക സേവനം, വ്യാപാരം, ബിസിനസ്, സാഹിത്യം, കല, സംസ്കാരം തുടങ്ങി വിവിധ മേഖലകളിലെ നേട്ടങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്.
കൂടാതെ, മലയാളി സമൂഹത്തിന് നല്കിയ വ്യക്തിപരമായ നേട്ടങ്ങളും സംഭാവനകളും പരിഗണിച്ച് ഏതാനും പ്രമുഖ വ്യക്തിത്വങ്ങളെയും പ്രത്യേക അംഗീകാരങ്ങള്‍ നല്കി ആദരിക്കും.
ആഗോള മലയാളികള്‍ക്കിടയില്‍ ശക്തമായ ഒരു നെറ്റ്വര്‍ക്ക് സ്ഥാപിക്കുക, ആഗോള മലയാളി സമൂഹത്തെ കേരളത്തിലേക്ക് അടുപ്പിക്കുകയും സംസ്ഥാനത്തിന്റെ പുരോഗതിക്ക് പങ്കാളികളാക്കുകയും ചെയ്യുക എന്നിവയാണ് ഫെസ്റ്റിവലിലൂടെ ഫെഡറേഷന് ലക്ഷ്യമിടുന്നത്.
കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ സംഘടിപ്പിക്കുന്ന പ്രഥമ ഗ്ലോബല്‍ മലയാളി ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന് സിഇഒ ആന്‍ഡ്രൂ പാപ്പച്ചനും മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്ല മഞ്ചേരിയും അറിയിച്ചു.